ചവറ സൗത്ത് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര കോയിവിള തോട്ടിന്‍കരവീട്ടില്‍ കഹാറി(29)നെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഫെബ്രുവരിയില്‍ കഹാര്‍ പാവുമ്പയിലുള്ള ബന്ധുവീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പലതവണ പീഡിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പെണ്‍കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്നകാര്യം അറിഞ്ഞത്.

ആശുപത്രി അധികൃതര്‍ ഉടന്‍തന്നെ വിവരം ശിശുസംരക്ഷണസമിതിയിലും പോലീസിലും അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്‌പെക്ടര്‍ എം.ദിനേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിള്ള എന്നിവരുടെ സംഘം കഹാറിനെ പിടികൂടി കോടതിയില്‍ ഹാജരാക്കി.