കടയ്ക്കാവൂര്‍:  സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാരിപ്പള്ളി സ്വദേശി അഖിലി(26)നെയാണ് കടയ്ക്കാവൂര്‍ പോലീസ് പിടികൂടിയത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ശേഷം സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

ചോദ്യംചെയ്യലില്‍ ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ ആറ്റിങ്ങല്‍ പോലീസ് സ്‌റ്റേഷനിലും പ്രതിക്കെതിരേ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴി പെണ്‍കുട്ടികളുമായി സൗഹൃദത്തിലായ ശേഷം ഇവരെ സ്വകാര്യ ലോഡ്ജുകളില്‍ എത്തിച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കടയ്ക്കാവൂര്‍ എസ്. എച്ച്.ഒ അജേഷ്.കെ, എസ്.ഐ. ദിപു എസ്.എസ് മനോഹര്‍, എ. എസ്. ഐ ജയപ്രസാദ് , എസ്.സി.പി.ഒ ജ്യോതിഷ് കുമാര്‍, സി.പി.ഒ.മാരായ ബാലു, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.