വടക്കഞ്ചേരി: ആദ്യം മിസ്ഡ് കോളിലൂടെ പരിചയപ്പെടൽ. തുടർന്ന്, പ്രേമം നടിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണക്കൻതുരുത്തി പല്ലാറോഡ് ബിനീഷിനെയാണ് (21) വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പാണ് മിസ്ഡ് കോളിലൂടെ ബിനീഷ് പ്ലസ് ടു വിദ്യാർഥിനിയായ 17 കാരിയെ പരിചപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.

തുടർന്ന്, വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ബന്ധുവിന്റെ വീട്ടിലും പരിസരത്തുള്ള പറമ്പിലും വെച്ച് പീഡിപ്പിച്ചതായാണ് കേസ്. തിങ്കളാഴ്ച രാത്രി ബിനീഷും ബന്ധുവും കൂടി പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി ഒളിച്ചുതാമസിക്കുകയായിരുന്നു.

പെൺകുട്ടിയെ കാണാത്തതിനെത്തുടർന്ന് പിതാവ് വടക്കഞ്ചേരി പോലീസിൽ പരാതി നൽകി. തുടർന്ന് വടക്കഞ്ചേരി എസ്.ഐ. കെ.സി. ബൈജു, എ.എസ്.ഐ. നീരജ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും ബിനീഷിനെയും ആളൊഴിഞ്ഞ പറമ്പിലെ ഷെഡ്ഡിൽ കണ്ടെത്തുകയായിരുന്നു.

ബന്ധു ഒളിവിലാണ്. ബിനീഷിനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.