ന്യൂഡൽഹി: ബി.എസ്.ഇ.എസ്. ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. രണ്ടുപേർ രക്ഷപ്പെട്ടു. ഗ്രേറ്റർ കൈലാഷിലാണ് സംഭവം. ബുദ്ധവിഹാർ സ്വദേശി രവികുമാറാണ് അറസ്റ്റിലായത്. ഗ്രേറ്റർ കൈലാഷിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ ബിസിനസുകാരനിൽ നിന്ന് പണം തട്ടാനാണ് സംഘം ശ്രമിച്ചത്.
ബി.എസ്.ഇ.എസ്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഉടമയെ സമീപിച്ച സംഘം കെട്ടിടനിർമാണത്തിന് വൈദ്യുതി ഉപയോഗിച്ചതിന് 1,25,000 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പിഴ അടച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് ഉടമയെ ബോധ്യപ്പെടുത്തിയ സംഘം 30,000 രൂപ നൽകിയാൽ പിഴയിൽനിന്ന് ഒഴിവാക്കാമെന്നും പറഞ്ഞു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഓഫീസിന് സമീപമുള്ള ആൻഡ്രൂസ് ഗഞ്ച് ബസ് സ്റ്റോപ്പിൽ പണവുമായി എത്താനും സംഘം നിർദേശിച്ചു.
സംശയം തോന്നിയ കെട്ടിടയുടമ ബിസിനസ് പാർട്ണറെ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് ബി.എസ്.ഇ.എസ്. ഓഫീസിൽ നടത്തിയ അന്വേഷണത്തിൽ ഇവർ വ്യാജ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. തുടർന്ന് ബി.എസ്.ഇ.എസ്. ഉദ്യോഗസ്ഥർ പോലീസിന്റെ സഹായത്തോടെ സംഘത്തിനു വേണ്ടി വലവിരിക്കുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരം കെട്ടിടം ഉടമ ആൻഡ്രൂസ് ഗഞ്ച് ബസ് സ്റ്റോപ്പിലെത്തി പണം കൈമാറുന്നതിനിടയിൽ പോലീസ് സംഘത്തെ വളയുകയായിരുന്നു.
രവികുമാർ പിടിയിലായപ്പോൾ, മറ്റ് രണ്ടുപേരും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ഇത്തരത്തിൽ പണംതട്ടാൻ ശ്രമിച്ച മുപ്പതിലേറേയാളുകളെ അറസ്റ്റു ചെയ്തതായും പോലീസ് പറഞ്ഞു.
Content Highlights: man arrested for posing as BSES officials to extort money