അമ്പലപ്പുഴ: വീട്ടിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാർഡിൽ വണ്ടാനം പുതുവൽ തോമസി(ടോമി-32)നെയാണ് അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

സ്വന്തം ഉപയോഗത്തിനും സുഹൃത്തുക്കൾക്കും മറ്റും നൽകുന്നതിനുമായി ഇയാൾ മാസങ്ങളായി വീട്ടിൽ കഞ്ചാവുചെടി വളർത്തി പരിപാലിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽനിന്ന് അഞ്ചടിയിലേറെ ഉയരമുള്ള കഞ്ചാവുചെടിയാണ് കണ്ടെത്തിയത്. പാലക്കാട്ടുനിന്നാണ് ചെടി കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു.

അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ്കുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. എസ്.ഐ. ടോൾസൺ പി. ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ പി. സുരാജ്, വി. വിഷ്ണു, എസ്. ദിലീഷ്, കെ.എ. നിഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.