കാട്ടാക്കട: സ്ഥാപനത്തിലെത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വീഡിയോയുമായി ചേർത്ത് കണ്ടു വന്നിരുന്ന ജ്യോതിഷിയായ തന്ത്രിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.

മൈലോട്ടുമൂഴിയിൽ ജ്യോതിഷാലയം നടത്തുന്ന നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്ണു ഭവനിൽ വിഷ്ണുപോറ്റി എന്ന വിഷ്ണു(29)വാണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നവരുടെയും ജ്യോതിഷാലയത്തിൽ എത്തുകയും ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് ലാപ്ടോപ്പിൽ അശ്ലീല ചിത്രങ്ങളുമായും, വീഡിയോയുമായും മോർഫ് ചെയ്തു ചേർക്കുകയാണ് ആദ്യപടി.

പിന്നീട് ഇവ ലാപ്ടോപ്പിലും പെൻഡ്രൈവിലും സൂക്ഷിച്ച് സ്ഥാപനത്തിലും വീട്ടിലുമൊക്കെ ഇരുന്നു കാണുകയായിരുന്നു പ്രതിയുടെ വിനോദമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സ്ഥാപനത്തിൽ എത്തിയ ഒരാൾക്ക് അവിടെ നിന്നും ഒരു മെമ്മറി കാർഡ് കിട്ടി.ഇത് പരിശോധിച്ചപ്പോൾ ജ്യോതിഷാലയത്തിലും ഇയാൾ പൂജ നടത്തുന്ന ഒരു ക്ഷേത്രത്തിലും എത്തിയിരുന്ന ഒരു സ്ത്രീയുടെ അശ്ലീലചിത്രം കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ അവിടെയെത്തിയിരുന്ന പലരുടെയും അശ്ലീല ചിത്രങ്ങളും, വീഡിയോകളും കണ്ടെത്തി. തുടർന്ന് തെളിവുകൾ സഹിതം പോലീസിന് പരാതി നൽകുകയായിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ക്ഷേത്രങ്ങളിൽ തന്ത്രിയായ വിഷ്ണു പൂജകൾക്കും ക്ഷേത്ര ശിലാസ്ഥാപന ചടങ്ങുകൾക്കുമൊക്കെ നേതൃത്വം നൽകിയിരുന്നു.

ഒരു വർഷത്തിന് മുൻപ് ആര്യനാട്ടെ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരിക്കെ സമാന സംഭവത്തിന് ഇയാൾ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.