എടക്കര: സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ലൈംഗിക ഉദ്ദേശ്യത്തോടെ ആക്രമിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് ആലങ്ങാടന്‍ ശ്രീജിത്ത് (32) ആണ് പിടിയിലായത്.

സെപ്റ്റംബര്‍ 13-ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയായ യുവതിയെ നാരോക്കാവ് മുരിങ്ങമുണ്ടയില്‍ വെച്ച് ഇയാള്‍ ആക്രമിച്ചിരുന്നു. യുവതി ബഹളംവെച്ചതിനെത്തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. ചുങ്കത്തറ പുലിമുണ്ടയില്‍ ഇതേ രീതിയില്‍ മറ്റൊരു യുവതിയെയും ആക്രമിച്ചതായി പോലീസ് പറഞ്ഞു.

ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നിര്‍ദേശപ്രകാരം വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുള്‍ ബഷീര്‍, എസ്.ഐ.മാരായ എം. അസൈനാര്‍, തോമസുകുട്ടി ജോസഫ്, സി.പി.ഒ.മാരായ അഭിലാഷ് കൈപ്പിനി, ആസിഫലി, ടി. നിബിന്‍ ദാസ്, ജിയോ ജേക്കബ്, എസ്. പ്രശാന്ത് കുമാര്‍, എം.എസ്. അനീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.