പഴയങ്ങാടി: വിവിധയിടങ്ങളില്‍ പല പേരുകളിലായി സ്ത്രീകളെ വലയിലാക്കി വിവാഹത്തട്ടിപ്പ് നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പറവൂര്‍ ഏഴിക്കര കടക്കരയിലെ മടത്തില്‍പറമ്പില്‍ ശ്രീജന്‍ എന്ന ശ്രീജന്‍ മാത്യു ( 52) വിനെയാണ് പഴയങ്ങാടി എസ്.ഐ. ഇ.ജയചന്ദ്രന്‍ അറസ്റ്റുചെയ്തത്.
മാടായിലെ കുളവയലില്‍ സ്വദേശിയായ സ്ത്രീക്കൊപ്പം വര്‍ഷങ്ങളായി ഇയാള്‍ താമസിച്ചിരുന്നു. അവരെ ഒഴിവാക്കിയശേഷം പഴയങ്ങാടിയിലെ ഒരു വിവാഹബ്യൂറോയില്‍ ഉന്നത ബിരുദധാരിയായ ലോക്കോ പൈലറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് പേര് രജിസ്റ്റര്‍ ചെയ്തു. വിവാഹബ്യൂറോകളില്‍നിന്ന് ലഭിക്കുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പരിലേക്ക് വിളിച്ച് വലയില്‍വീഴുന്നവരെ പല ദിക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
സമാനമായ രീതിയില്‍ വെങ്ങരയിലെ മധ്യവയസ്‌കയെയും വശത്താക്കിയിരുന്നു. ഇവരുടെ പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെയും വിവാഹം നടക്കാത്ത മധ്യവയസ്‌കയായ സ്ത്രീകളെയുമാണ് ഇയാള്‍ കെണിയില്‍പ്പെടുത്തിയിരുന്നത്. ശ്രീജന്‍ മാത്യുവിനെ കോടതി റിമാന്‍ഡ് ചെയ്തു.