കൊച്ചി: വീട്ടിൽ ചാരായം നിർമിച്ച് വിൽപന നടത്തുന്നയാളെ കാലടി എക്സൈസ് പിടികൂടി. മലയാറ്റൂർ വെസ്റ്റ് കോളനിയിലെ തോപ്പിലാൻ വീട്ടിൽ സോണി ആണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ നിന്നും 250 ലിറ്റർ വാഷും 12 ലിറ്റർ ചാരായവും കണ്ടെടുത്തു. നൂതന രീതിയിലുള്ള വാറ്റുകേന്ദ്രമാണ് വീടിൻ്റെ ഒരു മുറിയിൽ സജീകരിച്ചിരുന്നത്. ഒരു ലിറ്റർ ചാരായം 850 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. സോണിയുടെ ഓട്ടോറിക്ഷയിലായിരുന്നു വിൽപന. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ പി.വൈ ചെറിയാന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ.ജി മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്, നിഷാദ്, ബിപിൻ ദാസ്, സലാഹുദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫൗസിയ, ഡ്രൈവർ സക്കീർ ഹുസൈൻ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlights: Man arrested for making and selling illegal liquor