ഒറ്റപ്പാലം: സുഹൃത്തായ യുവതിയുടെ സ്വര്‍ണം ലോക്കറില്‍വെക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കടന്നുകളഞ്ഞയാള്‍ 18 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര മൊടക്കല്ലൂര്‍ ചാത്തോത്ത് വീട്ടില്‍ സുനില്‍കുമാറിനെയാണ് (52) ഒറ്റപ്പാലംപോലീസ് അറസ്റ്റ് ചെയ്തത്.

അമ്പലപ്പാറ സ്വദേശിയുടെ 16.5 പവന്‍ സ്വര്‍ണവുമായാണ് ഇയാള്‍ മുങ്ങിയിരുന്നത്. 2003 മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. തിരുവില്വാമല ക്ഷേത്രദര്‍ശനത്തിനുശേഷമാണ് ഇയാള്‍ ലോക്കറില്‍വെക്കാമെന്നുപറഞ്ഞ് അമ്പലപ്പാറ സ്വദേശിയായ യുവതിയില്‍നിന്ന് സ്വര്‍ണംവാങ്ങി മുങ്ങിയത്. കേസില്‍ അന്ന് പ്രതിയെ അറസ്റ്റ് ചെയ്യാനായിരുന്നില്ല. തുടര്‍ന്ന്, 2009 ല്‍ കേസില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് കോടതി മുഖാന്തരം ലോങ് പെന്‍ഡിങ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

തുടര്‍ന്ന്, ഒറ്റപ്പാലംപോലീസ് വീണ്ടും നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് വെള്ളിയൂര്‍ നരയന്‍കുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി ഒറ്റപ്പാലംപോലീസ് അറിയിച്ചു. ഒറ്റപ്പാലം ഇന്‍സ്പെക്ടര്‍ വി. ബാബുരാജ്, എസ്.ഐ. അനൂപ്, എ.എസ്.ഐ. ജെ. റഷീദ് അലി, സിവില്‍പോലീസ് ഓഫീസര്‍മാരായ വിപിന്‍ദാസ്, രണ്‍ധീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.