ചെന്നൈ: മധുരയില്‍ ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചമുമ്പ് പോലീസിടപെട്ടായിരുന്നു ഇവരുടെ വിവാഹംനടത്തിയത്. ചോഴവന്താന്‍ സ്വദേശി ഗ്ലാഡിസ് റാണിയാണ് (21) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അവണിയാപുരം സ്വദേശി ജോതിമണിയാണ് (22) അറസ്റ്റിലായത്. 

കോളേജ് വിദ്യാര്‍ഥിനിയായ യുവതിയും ജോതിമണിയുമായി പ്രണയത്തിലായിരുന്നു. ഗ്ലാഡിസ്റാണി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ജോതിമണി വഴങ്ങിയില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്. 

വിവാഹത്തിനുശേഷവും യുവതി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്താനെന്ന പേരില്‍ യുവതിയെ ജോതിമണി വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. പിന്നീട് വീട്ടുകരെ ഫോണില്‍ വിളിച്ച് ഗ്ലാഡിസ്റാണി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്ന് പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ ഇക്കാര്യം പോലീസിലറിയിച്ചു. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കൊലപ്പെടുത്തിയ വിവരം പ്രതി സമ്മതിക്കുകയായിരുന്നു. ഇഷ്ടമില്ലാതെ നടന്ന വിവാഹബന്ധത്തില്‍നിന്ന് ഒഴിവാകാനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കത്തിച്ചതിനാല്‍ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് വീണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Content Highlights: man arrested for killing wife in madurai tamilnadu