പൊന്നാനി: മയിലിനെ കൊന്നു കറിവെച്ച സംഭവത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശി അയ്യപ്പനെ (32) വനംവകുപ്പ് അധികൃതര്‍ അറസ്റ്റുചെയ്തു.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. എടപ്പാള്‍ തുയ്യത്തെ വീടുകളില്‍ ഒരു ആണ്‍മയിലും പെണ്‍മയിലും എത്താറുണ്ട്. ഇതില്‍ പെണ്‍മയിലിനെയാണ് അയ്യപ്പനും ബന്ധുക്കളും ചേര്‍ന്ന് പിടികൂടിയത്.

വൈകുന്നേരമായതോടെ ആണ്‍മയില്‍ ഇണയെ കാണാതെ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.നാടോടികളായ അയ്യപ്പനും സംഘവും ഈ പ്രദേശത്ത് കറങ്ങിനടന്ന വിവരമറിഞ്ഞ നാട്ടുകാര്‍ ഇവര്‍ താമസിക്കുന്ന പൊന്നാനി കുണ്ടുകടവ് ജങ്ഷനിലെത്തി അയ്യപ്പനെ പിടികൂടി. കൂടെയുണ്ടായിരുന്ന അയ്യപ്പന്റെ അമ്മാവന്റെ മകനും ഭാര്യയും ഓടിരക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പോലീസും വനം വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധിച്ചു. മയിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വലിയ ചട്ടിയില്‍ മയിലിനെ കറിവെച്ചതും കണ്ടെടുത്തു.

ആളുകളുമായി ഇണങ്ങി ജീവിക്കുന്ന മയിലുകളായതിനാല്‍ ഇവയെ പിടികൂടാന്‍ എളുപ്പമായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

ദേശീയപക്ഷിയായ മയിലിനെ കൊന്നാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കൃഷ്ണന്‍,

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലാല്‍ വി. നാഥ്, ഓഫീസര്‍മാരായ പി.പി. രതീഷ്, എ.എല്‍. അഭിലാഷ് എന്നിവര്‍ചേര്‍ന്നാണ് അയ്യപ്പനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ്‌ചെയ്തു.