ലഖ്‌നൗ:  പിതാവിനെ കൊന്ന് മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഖൗട്ടൗലി സ്വദേശി രശ്പാലിനെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുമിത് കുമാര്‍ അറസ്റ്റിലായത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. 

നേരത്തെ പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് മൂന്നുപേര്‍ക്കെതിരേ സുമിത് കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ സുമിത് കുമാര്‍ തന്നെയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. 

മറ്റൊരു പുരുഷനുമായി പിതാവിനുണ്ടായിരുന്ന ബന്ധവും ഇയാള്‍ക്ക് സ്വത്ത് കൈമാറാനുള്ള നീക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. പിതാവും മറ്റൊരു പുരുഷനും അടുപ്പത്തിലായിരുന്നു. ഇത് കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും, ഇയാള്‍ക്ക് സ്വത്ത് നല്‍കാന്‍ പിതാവ് ആഗ്രഹിച്ചിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് പിതാവിനെ കുത്തിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചതെന്നും പ്രതി സമ്മതിച്ചു. 

ഓഗസ്റ്റ് 18-നാണ് ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ രശ്പാലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നുപേര്‍ക്കെതിരേ മകന്‍ സുമിത് കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ മൂന്നുപേരാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സുമിത്തിന്റെ പരാതി. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു. 

Content Highlights: man arrested for killing father in uttar pradesh