കൂത്തുപറമ്പ്: പതിനൊന്നുകാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പില്‍ കെ. ഫൈസലിനെ (28) ആണ് കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. മദ്രസയിലേക്ക് പോകുകയായിരുന്ന ബാലനെ തട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞ ദിവസമാണ് പ്രതി ശ്രമിച്ചത്.

ബഹളം വച്ച് ബൈക്കില്‍നിന്ന് ചാടിരക്ഷപ്പെട്ട ബാലന്‍ രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. രക്ഷിതാക്കള്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. പ്രതി കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഇതേ സ്ഥലത്ത് ഇയാള്‍ വീണ്ടുമെത്തിയപ്പോള്‍ ബാലന്‍ കാണുകയും ബൈക്കിന്റെ നമ്പര്‍ മനസ്സിലാക്കി പോലീസിന് കൈമാറുകയും ചെയ്തു.

ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മേല്‍വിലാസം നീലേശ്വരത്തുള്ളതാണെന്ന് മനസ്സിലായി. തുടര്‍ന്ന് നീലേശ്വരം പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി ശിവപുരം സ്വദേശി ഫൈസലാണെന്ന് വ്യക്തമായി. ഇയാളുടെ ഭാര്യ വീടാണ് നീലേശ്വരത്ത്. മദ്രസാധ്യാപകനായിരുന്നു ഫൈസല്‍. മദ്രസ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് ഇയാള്‍ക്കെതിരേ 2015-ല്‍ മാലൂര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ട്.