കൊച്ചി: യുവതിയെ നടുറോഡില്‍ അപമാനിച്ച കേസിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് കടന്നുകളഞ്ഞ കേസിലും പ്രതിയായ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. വൈപ്പിന്‍ ഞാറയ്ക്കല്‍ പുളിക്കതുണ്ടിയില്‍ വീട്ടില്‍ അലക്‌സ് ദേവസി (25) ആണ് അറസ്റ്റിലായത്. വാഹനമോഷണ കേസുകളിലും പ്രതിയാണ് അലക്‌സ് ദേവസി.
ഈമാസം ആദ്യം ഹൈക്കോര്‍ട്ട് ജങ്ഷന് സമീപം ഗോശ്രീ റോഡില്‍ ബൈക്കിലെത്തി യുവതിയെ അപമാനിച്ച് കടന്നു കളയുകയായിരുന്നു പ്രതി. ഈ കേസില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്, ഒരാഴ്ച മുമ്പ് മാധവ ഫര്‍മസി ജങ്ഷനില്‍ വാഹന പരിശോധനയ്ക്കിടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ചത്.
നമ്പര്‍പ്ലേറ്റ് ഇല്ലാതെ വന്ന വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥനെ ഇടിപ്പിച്ച് വീഴിച്ചശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
രണ്ടു കേസുകളിലെയും പരാതിക്കാരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും പ്രതികള്‍ സഞ്ചരിച്ച ബൈക്കുകളുടെ നമ്പറും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചും നടത്തിയ അന്വേഷണത്തിലുമാണ് പ്രതി അറസ്റ്റിലായത്.
പോലീസുദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചശേഷം പ്രതികള്‍ പവര്‍ഹൗസ് റോഡില്‍നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചിരുന്നു. യുവതിയെ അപമാനിച്ചപ്പോള്‍ ഉപയോഗിച്ച ബൈക്ക് വടക്കേക്കരയില്‍നിന്നും പോലീസുദ്യോഗസ്ഥനെ ഇടിപ്പിച്ച ബൈക്ക് ആലുവയില്‍നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അലക്‌സിന്റെ കൂട്ടുപ്രതി യദുകൃഷ്ണനെ മറ്റൊരു ബൈക്ക് മോഷണക്കേസില്‍ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യദുകൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.
എറണാകുളം എ.സി.പി കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കര്‍ എസ്.ഐ. മാരായ വിപിന്‍കുമാര്‍, തോമസ്, ആനി ശിവ, എസ്.ടി. അരുള്‍, ഫുള്‍ജന്‍, എ.എസ്.ഐ.മാരായ ഗോപി, ഗോവിന്ദന്‍, എസ്.സി.പി.ഒ. മാരായ രഞ്ജിത്ത്, ശ്രീകാന്ത്, ഷിഹാബ്, സിന്ധു, ഉണ്ണി തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.
Content Highlights: man arrested for insulting woman in kochi