പാലക്കാട്: ഗന്ധം പുറത്തുവരാത്ത രീതിയിൽ, രഹസ്യമായി ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന തോപ്പുടമയെ നാടകീയനീക്കത്തിനൊടുവിൽ എക്സൈസ് സംഘം പിടികൂടി. ഇയാളുടെ വീട്ടിൽനിന്ന് വാറ്റുപകരണങ്ങളും ചാരായവും കണ്ടെടുത്തു. ചിറ്റൂരിൽ കോഴിപ്പതി സ്വദേശി കന്തസ്വാമിയെയാണ് (56) ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. വാറ്റ് നടത്തിയിരുന്ന വീട്ടിൽനിന്ന് രണ്ടരലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്.

മേഖലയിൽ വേറെയും വാറ്റുസംഘങ്ങൾ പ്രവർത്തിക്കുണ്ടെന്ന വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്ന് എക്സൈസ് സി.ഐ. എം. രാകേഷ് പറഞ്ഞു.

താതിരിപ്പൂവ്, ഉണ്ടവെല്ലം, മച്ചിങ്ങ നവസാരം, അരിഷ്ടക്കൂട്ട് എന്നിവ ചേർത്താണ് വാഷ് നിർമിച്ചത്. ഗന്ധം പുറത്തുവരാത്തതിനാൽ പരിസരവാസികൾക്ക് ഇവിടെ വാറ്റുചാരായമുണ്ടാക്കുന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇവിടെയുണ്ടാക്കുന്ന ചാരായം വീടിനടുത്ത് വില്പന നടത്താതെ ചിറ്റൂർ ടൗൺ, നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ എത്തിക്കുകയായിരുന്നു പതിവ്.

പ്രതിക്കെതിരേ മുമ്പ് രണ്ട് അബ്കാരി കേസുകളുണ്ടായിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പി.ഒ.മാരായ ജി. സിജിത്ത്, പി.എൻ. രമേഷ് കുമാർ, ആർ. ജിജിലാൽ, സി.ഇ.ഒ.മാരായ കെ. അഭിലാഷ്, ടി.വി. അഖിൽ, എൻ. സതീഷ്, ഡ്രൈവർ കെ.ജെ. ലൂക്കോസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.