ചെന്നൈ: നടന്‍ വിജയിയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. വിഴുപുരം മരക്കാനം സ്വദേശി എസ്. ഭുവനേശ്വരനെ(27)യാണ് പോലീസ് പിടികൂടിയത്. ഇയാള്‍ നേരത്തെയും വ്യാജ സന്ദേശങ്ങള്‍ അയച്ചതിന് പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഭീഷണി സന്ദേശം ലഭിച്ചത്. നടന്‍ വിജയിയുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു വിളിച്ചയാള്‍ പോലീസിനോട് പറഞ്ഞത്. ഇതോടെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ നടന്റെ വീട്ടിലും പരിസരത്തും പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഇതോടെയാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടന്റെ മാനേജര്‍ നല്‍കിയ പരാതിയില്‍ വ്യാജ ഭീഷണി സന്ദേശം അയച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തു. 

കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഴുപുരത്തുനിന്ന് ഭുവനേശ്വരനെ പിടികൂടിയത്. നേരത്തെ രജനീകാന്ത്, കമല്‍ഹാസന്‍, അജിത്, എടപ്പാടി പളനിസ്വാമി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവര്‍ക്കെതിരേയും ഇയാള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീടുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പോലീസിനെ വിളിച്ചുപറഞ്ഞിരുന്നത്. 

Content Highlights: man arrested for hoax bomb threat against actor vijay