മറയൂര്‍: തമിഴ്‌നാട്ടില്‍നിന്ന് ചില്ലറവില്പനയ്ക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. വട്ടവട കൊട്ടാക്കമ്പൂര്‍ കടവരി സ്വദേശി രവി (46) യെയാണ് വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് വട്ടവട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപംവെച്ച് മറയൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്.

തമിഴ്‌നാട് ക്ലാവരയില്‍നിന്ന് 1.30 ലക്ഷം രൂപയ്ക്ക് വാങ്ങി കഴുതപ്പുറത്തുവെച്ച് അതിര്‍ത്തി കടത്തിയാണ് കഞ്ചാവ് വട്ടവടയില്‍ എത്തിച്ചത്. അഞ്ചുഗ്രാം പൊതികളാക്കി 500 രൂപയ്ക്ക് സഞ്ചാരികള്‍ക്കും തദ്ദേശീയര്‍ക്കും വില്‍ക്കാനായിരുന്നു ശ്രമമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ ടി.രഞ്ജിത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ബിനുമോന്‍ കെ.പി., സിവില്‍ ഓഫീസര്‍മാരായ നെബു എ.സി., റോയിച്ചന്‍ കെ.പി., അനീഷ് എസ്., പ്രശാന്ത് വി., രഞ്ജിത് കവിദാസ്, ദിനേശ്കുമാര്‍ പി. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.