വെഞ്ഞാറമൂട്: പണിയെടുക്കുന്ന തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയയാളെ വാമനപുരം എക്സൈസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട പന്നിയോട് മണക്കാകോണം സ്വദേശി ഫ്രാൻസിസ്(58) ആണ് പിടിയിലായത്. പനവൂർ ജങ്ഷനു സമീപം തവരക്കുഴി എസ്റ്റേറ്റിൽ ഐവിൻ ജയ്സൺ ജോണിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽനിന്നാണ് കഞ്ചാവ് തൈകൾ കണ്ടെത്തിയത്.

ആറുവർഷമായി തോട്ടത്തിൽ ജോലി നോക്കുന്നത് ഫ്രാൻസിസായിരുന്നു. തോട്ടത്തിനകത്തെ കെട്ടിടത്തിലാണ് ഇയാൾ ഒറ്റയ്ക്കു താമസിച്ചിരുന്നത്. കെട്ടിടത്തിനു സമീപത്തെ കിണറ്റിന്റെ കരയിലാണ് കഞ്ചാവ് കൃഷി നടത്തിയിരുന്നത്.

കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്ന പ്രതി ഉപയോഗിക്കാനായി വാങ്ങിയ കഞ്ചാവിന്റെ വിത്തുപാകിയാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. ഒൻപതു മാസം പ്രായമായ കഞ്ചാവ് ചെടികളാണ് വീട്ടിൽനിന്നും കണ്ടെത്തിയത്. വീടിന്റെ ഉടമയായ ഐവിൻ ജയ്സൺ ജോണിന് കഞ്ചാവ് ചെടി ഉള്ളകാര്യം അറിയില്ല എന്നും ശിവമൗലി എന്ന ഔഷധച്ചെടിയാണ് നട്ടുവളർത്തുന്നത് എന്നാണ് ഉടമയോട് പറഞ്ഞിരുന്നതെന്നും പ്രതി എക്സൈസ് സംഘത്തോടു പറഞ്ഞു. എന്നാൽ, 9 മാസം പ്രായവും ഒന്നരയാൾ പൊക്കവുമുള്ള കഞ്ചാവ് ചെടികൾ നട്ടു പരിപാലിച്ചതിൽ കെട്ടിട ഉടമയുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ വലയിലാക്കിയത്. പ്രിവന്റ്റീവ് ഓഫീസർമാരായ മനോജ് കുമാർ, ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സജീവ്കുമാർ, അൻസർ വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ തിരച്ചിലിൽ പങ്കെടുത്തു.

Content Highlights:man arrested for ganja planting