ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 63 കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സംഭവത്തില്‍ മുന്‍ ഇന്‍ഷ്യൂറന്‍സ് എക്‌സിക്യൂട്ടീവ് വിമല്‍ ചന്തിനെയാണ് മീററ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെയാണ് വിമല്‍ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി വിമലിന്റെ വീട്ടില്‍ നിന്ന് പത്ത് വയസ്സ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി. വീടിനകത്തെ സിസിടിവി തകരാറിലായത് നന്നാക്കുന്നതിനിടെ ടെക്‌നീഷ്യന്‍ വഴിയാണ് സംഭവം പുറത്തറിയുന്നത്.  13 സിസിടിവി ക്യാമറകളാണ് വിമല്‍ വീടിനകത്ത് സ്ഥാപിച്ചിരിക്കുന്നത്. സ്വീകരണമുറി, ബെഡ്‌റൂം, ബാത്ത്‌റൂം എന്നിവിടങ്ങളിലാണ് വിമല്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഇത് കണ്ടതോടെയാണ് ടെക്‌നീഷ്യന് അസ്വഭാവികത തോന്നിയത്.

ഇയാള്‍ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവില്‍ പകര്‍ത്തിയെടുക്കുകയും അത് പുറത്തുവിടുകയുമായിരുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഡിവിആറില്‍ നിന്ന് അവ നീക്കം ചെയ്തതായി കണ്ടെത്തി.

പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് കണ്ട് ആസ്വദിക്കുന്നതിനായാണ് ഇയാള്‍ വീടിനകത്ത് സിസിടിവികള്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. അശ്ലീല വീഡിയോകള്‍ പെണ്‍കുട്ടികളെ കാണിച്ച ശേഷം കുട്ടികളെ വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്.

വിമല്‍ പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റുകള്‍ക്ക് കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ മരണശേഷം വിമല്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്.

Content Highlights: man arrested for exploits scores of minor girls for 2 years