ചവറ സൗത്ത് : വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ സൗഹൃദംനടിച്ച് വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം അവരുടെ നഗ്‌നചിത്രം സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവിനെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി നെല്ലിക്കമണ്‍ ചെറിയമൂഴി തടത്തില്‍ വീട്ടില്‍ രാജേഷ്‌കുമാറിനെ(32)യാണ് പോലീസ് ഉദ്യോഗസ്ഥരായ എം.ദിനേഷ്‌കുമാര്‍, സുജാതന്‍ പിള്ള, സി.പി.വിജയകുമാര്‍ എന്നിവരുടെ സംഘം പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഫെയ്സ്ബുക്കിലൂടെ യുവതിയുമായി പരിചയപ്പെട്ട രാജേഷ്‌കുമാര്‍ സൗഹൃദംനടിച്ചതിനുശേഷം ചാറ്റിങ്ങിലൂടെ നിര്‍ബന്ധിച്ച് നഗ്‌നചിത്രം അയപ്പിക്കുകയും അത് തന്റെ ഫോണില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ കൈവശമുള്ള ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് വിവാഹബന്ധം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. രാജേഷ്‌കുമാറിന്റെ ശല്യം സഹിക്കാന്‍ കഴിയാതായപ്പോള്‍ എതിര്‍പ്പു പ്രകടിപ്പിച്ച യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ ഇയാള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് രാജേഷിന്റെ ഫെയ്സ്ബുക്കിലെ വ്യാജ അക്കൗണ്ടിന്റെ ഐ.പി. അഡ്രസ് വഴി റാന്നിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.