കൊല്ലം: സഹോദരിയുടെ മകനോടുള്ള വിദ്വേഷത്തെ തുടര്‍ന്ന് സഹോദരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിലായി. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. തൃക്കരുവ ഇഞ്ചവിള മുളയ്ക്കല്‍വയല്‍ പള്ളിതാഴതില്‍ അനില്‍കുമാറാ(44)ണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.

സഹോദരിയുടെ മകനുമായി യുവാവ് നിരന്തരം കലഹത്തിലായിരുന്നു. കഴിഞ്ഞ ദിവസം മകന്റെ പ്രവൃത്തികളെ സംബന്ധിച്ച് സഹോദരിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. മകനെ പ്രതിരോധിക്കാന്‍ ശ്രമിച്ച സഹോദരിയെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ സഹോദരിയെ മതിലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലുമെത്തിച്ചു.

പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ദേവരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Content Highlights: man arrested for attemptimg to murder own sister