മുട്ടം: വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന്‍(38) ആണ് എറണാകുളത്ത് പോലീസിന്റെ പിടിയിലായത്.

ജൂലായ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ വീട്ടില്‍ ഒറ്റയ്ക്കുണ്ടായിരുന്ന സമയത്ത് മദ്യപിച്ചെത്തിയ പ്രതി ഇവരുടെ വായ് പൊത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇവര്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍പോകുകയായിരുന്നു.

മൊബൈല്‍ഫോണ്‍ ഓഫുചെയ്ത് പലസ്ഥലങ്ങളില്‍ മാറിമാറി കഴിഞ്ഞിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പീരുമേട് ജയിലില്‍ റിമാന്‍ഡുചെയ്തു. മുട്ടം സി.ഐ. വി.ശിവകുമാറിന്റെ നേതൃത്വത്തില്‍ തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ. ബൈജു കെ.ബാബു, മുട്ടം എസ്.ഐ.മാരായ പി.എസ്.സുബൈര്‍, അബ്ദുല്‍ ഖാദര്‍, എസ്.സി.പി.ഒ. ഉണ്ണിക്കൃഷ്ണന്‍, സി.പി.ഒ. ലിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.