ചാത്തന്നൂര്‍:വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

പാരിപ്പള്ളി കരിമ്പാലൂര്‍ വിദ്യാഭവനില്‍ വിപിന്‍ വിജയന്‍ (23) ആണ് പിടിയിലായത്. കുറേക്കാലമായി യുവതിയുടെ പിന്നാലെ വിവാഹാഭ്യര്‍ഥനുമായി നടക്കുകയായിരുന്നു പ്രതി.

യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് മൂന്നുദിവസംമുന്‍പ് ഇയാള്‍ യുവതിയോട് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. പാരിപ്പള്ളിയില്‍ സ്‌കൂട്ടര്‍വെച്ച് തിരുവനന്തപുരത്തേക്ക് പോയ യുവതിയെ തിരികെവരുന്നത് കാത്തുനിന്നാണ് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇയാളുടെ ആവശ്യം വീണ്ടും നിരാകരിച്ചതിനെത്തുടര്‍ന്ന് പ്രകോപിതനായി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

യുവതിയുടെ കാതില്‍ക്കിടന്ന കമ്മല്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ പേഴ്സും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി വിപിന്‍ വിജയന്‍ സ്ഥലംവിട്ടു.

യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത പാരിപ്പള്ളി പോലീസ് ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞദിവസം പാരിപ്പള്ളി പ്ലാവിന്‍മൂട് ജങ്ഷനു സമീപത്തുനിന്ന് പിടികൂടി.

പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ എം.അല്‍ജബാറിന്റെ നേതൃത്തില്‍ എസ്.ഐ. പ്രദീപ്കുമാര്‍, എ.എസ്.ഐ. അഖിലേഷ്, എസ്.സി.പി.ഒ. ബിന്ദു, സി.പി.ഒ. മനോജ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.