ചെങ്ങന്നൂര്‍: കാണാതായ വണ്ടിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നു ഭിന്നശേഷിക്കാരനടക്കം രണ്ടുപേരുടെ കൈ തല്ലിയൊടിച്ചശേഷം ഒളിവില്‍ പോയ പ്രതിയെ പോലിസ് പിടികൂടി. ഇടനാട് പൊറത്തോത്ത് വീട്ടില്‍ വേദ സജി എന്നറിയപ്പെടുന്ന സജി (58) യെയാണു ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റുചെയ്തത്.

ചെങ്ങന്നൂര്‍ നഗരസഭ എട്ടാംവാര്‍ഡില്‍ ഇടനാട് പടിഞ്ഞാറ് കൊല്ലിരേത്ത് വടക്കേതില്‍ അരവിന്ദാക്ഷന്‍ (53 ), ഭിന്നശേഷിക്കാരനായ സുഹൃത്ത് കൈതക്കാട്ടില്‍ ഹരികുമാര്‍ (57) എന്നിവര്‍ക്കാണ് ആക്രമണത്തില്‍പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തത്. ഹരികുമാറിന്റെ കാലിനും പരിക്കുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറാംതീയതി ഉച്ചയോടെ അരവിന്ദാക്ഷന്റെ സ്‌കൂട്ടര്‍ വീട്ടില്‍നിന്നു കാണാതായി. തുടര്‍ന്നു വൈകീട്ടു പോലീസില്‍ പരാതി നല്‍കി. രാത്രി സ്‌കൂട്ടര്‍ അങ്ങാടിക്കലിലെ ബാര്‍ഹോട്ടലിന്റെ മുറ്റത്തു കണ്ടതായി സൂചന കിട്ടി. വാഹനം കൊണ്ടുവെച്ചത് അയല്‍വാസി സജിയാണെന്നും വിവരം ലഭിച്ചു.

വാഹനം കണ്ടെത്തിയതു പോലീസില്‍ അറിയിച്ചു. രാത്രി വളരെ വൈകി സജി വാഹനം ആരുമറിയാതെ അരവിന്ദാക്ഷന്റെ വീടിനുസമീപം കൊണ്ടുവെച്ചതായി പോലീസ് പറയുന്നു. അടുത്തദിവസം രാവിലെ അരവിന്ദാക്ഷന്‍ സജിയുടെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് ഉച്ചയ്ക്ക് രണ്ടുമണിയോടെ അരവിന്ദാക്ഷന്റെ വീട്ടിലെത്തിയ സജി കമ്പിപ്പാരയും മറ്റുമുപയോഗിച്ചു അരവിന്ദാക്ഷനെ ആക്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് അയല്‍വാസിയായ ഹരിക്കും മര്‍ദനമേറ്റത്. തുടര്‍ന്നു ഒളിവില്‍പ്പോയ സജിയെ ബുധനാഴ്ചരാത്രി പുത്തന്‍കാവിനുസമീപം ചെങ്ങന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. എസ്. നിതീഷിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. പ്രതിയെ റിമാന്‍ഡു ചെയ്തു.