കൊല്ലം : അമ്മയെ തലയില്‍ കോടാലികൊണ്ടു വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ചേരി മൂലങ്കരത്തറ വീട്ടില്‍ ശ്യാംകുമാര്‍ (25) ആണ് പിടിയിലായത്. 

സ്വകാര്യ ആവശ്യങ്ങള്‍ക്ക് പണമാവശ്യപ്പെട്ടത് നല്‍കാത്തതില്‍ പ്രകോപിതനായാണ് ഇയാള്‍ അമ്മ സജിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസവും പണമാവശ്യപ്പെട്ട് അമ്മയുമായി വഴക്കുണ്ടാക്കുകയും വെട്ടുകത്തികൊണ്ട് തലയ്ക്കു വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.ആശുപത്രിയില്‍ ചികിത്സകഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് വീണ്ടും അമ്മയോട് പണം ആവശ്യപ്പെട്ടത്. വാക്കേറ്റത്തിനൊടുവില്‍ കോടാലിയെടുത്ത് അമ്മയുടെ തലയില്‍ വെട്ടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അച്ഛന്‍ തടഞ്ഞെങ്കിലും വെട്ടുകൊണ്ട് തലയില്‍ മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റു. പരിക്കേറ്റ സജി ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ യു.ബിജു, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജഹാന്‍, സലീം, എ.എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ.മാരായ സുരേഷ്ബാബു, ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.