ഒറ്റപ്പാലം: പണമാവശ്യപ്പെട്ട് നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. അമ്പലപ്പാറ വേങ്ങശ്ശേരി അമ്പലംകുന്ന് സുരേഷിനെയാണ് (48) ഒറ്റപ്പാലംപോലീസ് അറസ്റ്റ് ചെയ്തത്. അമ്മ കല്യാണിയെ (75) വെട്ടിപ്പരിക്കേല്‍പ്പിപ്പിച്ച കേസിലാണ് അറസ്റ്റ്. മദ്യം വാങ്ങുന്നതിനായി പണമാവശ്യപ്പെട്ട് നല്‍കാതിരുന്നപ്പോഴാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും പരിക്ക് ഗുരുതരമല്ലെന്നും ഒറ്റപ്പാലംപോലീസ് അറിയിച്ചു. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ 23-ന് രാത്രിയിലാണ് സംഭവം. കിടപ്പുമുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന കല്യാണിയെ പണം നല്‍കാത്തതിന് വെട്ടുകത്തികൊണ്ടാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇടത് ചെവിയിലും കഴുത്തിലുമാണ് പരിക്ക്.

കല്യാണിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയപ്പോള്‍ കട്ടിലിന്റെ ഭാഗങ്ങളില്‍ തട്ടിയതിനാല്‍ പരിക്ക് ഗുരുതരമായില്ല. തുടര്‍ന്ന് സുരേഷിനെ ഒറ്റപ്പാലംപോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.