ഇരിങ്ങാലക്കുട: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോയിലെ ജീവനക്കാരനായ കോണത്തുകുന്ന് സ്വദേശി തോപ്പില്‍ വീട്ടില്‍ ജയനെ (54) മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വെള്ളാനി സ്വദേശി നിഖിലി(21)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ.മാരായ ഷറഫുദ്ദീന്‍, എം. ഡെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി. കെട്ടിടത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് പ്രതി. സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചശേഷം സ്റ്റാന്‍ഡ് പരിസരത്ത് മൂത്രമൊഴിക്കുന്നതു കണ്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ യുവാവിനെ ചോദ്യംചെയ്തതാണ് തര്‍ക്കത്തിനും അടിപിടിയിലും കലാശിച്ചത്. ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് മുഖത്തും കൈയ്ക്കും പരിക്കേറ്റ ജയനെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.