നന്മണ്ട(കോഴിക്കോട്): മുന്‍ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്മണ്ട 12 ല്‍ മാക്കടമ്പത്ത് ബിജു (48)ആണ് പിടിയിലായത്. നന്മണ്ട സഹകരണ ബാങ്കില്‍ താത്കാലിക ജീവനക്കാരിയായിരുന്ന നന്മണ്ട മാവരുകണ്ടി ശ്രീഷ്മയ്ക്കാണ്(30) ആളുമാറി വെട്ടേറ്റത്. ചുമലില്‍ വെട്ടേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ മദ്യലഹരിയില്‍ ബാങ്കിലെത്തിയ ബിജു അകത്ത് കയറി കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടിയ ശേഷമാണ് ആളുമാറിയ വിവരം ഇയാള്‍ അറിയുന്നത്. ബാങ്ക് ജീവനക്കാര്‍ പിടിച്ചു മാറ്റിയതുകൊണ്ട് ശ്രീഷ്മ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടു.

ബിജുവിന്റെ മുന്‍ ഭാര്യ ഇതേ ബാങ്കിലെ ജീവനക്കാരിയാണ്. അവര്‍ രണ്ടുവര്‍ഷം മുമ്പ് ബിജുവില്‍ നിന്ന് കോടതിവഴി വിവാഹമോചനം നേടിയതാണ്. തിങ്കളാഴ്ചയിവര്‍ അവധിയായിരുന്നു. ഇതറിയാതെയാണ് ബിജു ആയുധവുമായി ബാങ്കിലെത്തിയത്. ഒരു വര്‍ഷംമുമ്പ് ബാങ്കിന്റെ ബാലുശ്ശേരി ബ്രാഞ്ചില്‍ വെച്ചും സമാനമായ സംഭവം നടന്നിരുന്നു. അന്ന് അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പല തവണ ഇയാള്‍ ബാങ്കിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി പറയുന്നു.

ശല്യം സഹിക്കാതെ വന്നപ്പോള്‍ ബാങ്ക് മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയും ബിജുവിനെ താക്കീത് ചെയ്ത് വിടുകയുമാണുണ്ടായത്. ഫൊറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതിക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു.