ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ യുവതിക്ക് മുന്നില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിവില്‍ എഞ്ചിനീയറായ അഭിലാഷ് കുമാര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതി പ്രകാരം ഇയാളെ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്. 

ബുധനാഴ്ച രാത്രിയാണ് അറസ്റ്റിന് ആധാരമായ സംഭവം നടന്നത്. ഡല്‍ഹിയില്‍നിന്ന് ഗുരുഗ്രാമിലേക്ക് യാത്രചെയ്യവേയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. ഇക്കാര്യം വിശദീകരിച്ച് യുവാവിന്റെ ഫോട്ടോ സഹിതം യുവതി ട്വീറ്റ് ചെയ്തു. സംഭവം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി മെട്രോ അറിയിച്ചിരുന്നു. 

സീറ്റില്‍ ഇരിക്കുകയായിരുന്ന തനിക്ക് നേരേ യുവാവ് പാന്റ്സിന്റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഏറെനേരം തന്നെ തുറിച്ചുനോക്കിയ ഇയാള്‍ മുന്‍വശത്തുണ്ടായിരുന്ന ചെറിയ ബാഗ് നീക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് ഡല്‍ഹി മെട്രോറെയില്‍ പൊലീസ് യുവതിയുടെ പരാതിയില്‍ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) സെക്യൂരിറ്റി സെല്ലും ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റ്‌സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് ഡിഎംആര്‍സി അറിയിച്ചു.

Content Highlights: Man arrested for alleged obscene behaviour on Delhi Metro train