പന്തീരാങ്കാവ്(കോഴിക്കോട്): കടകൾ കുത്തിത്തുറന്ന് നിരവധി മോഷണങ്ങൾ നടത്തിയ യുവാവും യുവതിയും പോലീസ് പിടിയിലായി. ഫറോക്ക് സ്വദേശികളായ കണ്ണൻ (40), മീനൂട്ടി എന്ന മീനു (25) എന്നിവരാണ് പോലീസ് ഒരുക്കിയ വലയിൽ വീണത്.
തിങ്കളാഴ്ച രാത്രിയിൽ മോഷണം നടത്തി ഇരുചക്രവാഹനത്തിൽ മോഷണമുതലടങ്ങിയ ചാക്കുകെട്ടുമായി വരുന്നതിനിടെയാണ് ചേവായൂരിൽ പിടികൂടിയത്. തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ പടിക്കൽ എന്ന സ്ഥലത്തെ രണ്ടു കടകളിൽനിന്ന് മോഷണം നടത്തി വരികയായിരുന്നു ഇരുവരും.
ജൂലായ് 27-ന് പന്തീരാങ്കാവിലെ ലീഗാമ ട്രേഡേഴ്സിൽ ഷട്ടർ തകർത്ത് നടത്തിയ മോഷണമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇവിടെനിന്ന് രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ മോഷണംപോയിരുന്നു. ലീഗാമ ട്രേഡേഴ്സിന് സമീപമുള്ള അയ്യപ്പമഠത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും ഒരു പുരുഷനും സ്ത്രീയും നടന്നുവരുന്നതും മോഷണത്തിനുശേഷം ബൈക്കിൽ തിരിച്ചുപോകുന്നതും വ്യക്തമായിരുന്നു. തുടർന്നാണ് മോഷണത്തിൽ സ്ത്രീകൂടി പങ്കാളിയാണെന്ന് പോലീസ് തിരിച്ചറിയുന്നത്.
അതിനാലാണ് അസമയത്ത് ചാക്കുകെട്ടുമായിവരുന്ന സ്ത്രീയെയും പുരുഷനെയും പോലീസ് ശ്രദ്ധിക്കാനിടയായത്. കണ്ണൻ ആദ്യം ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് പിടിയിലാവുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 12 കേസുകൾ നിലവിലുണ്ട്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ - മൂന്ന്, മെഡിക്കൽ കോളേജ് സ്റ്റേഷൻ - നാല്, തിരൂരങ്ങാടി സ്റ്റേഷൻ - രണ്ട്, ചേവായൂർ, കുന്ദമംഗലം, തേഞ്ഞിപ്പലം സ്റ്റേഷനുകളിൽ ഓരോ കേസ് വീതവുമാണുള്ളത്.
പിത്തള, ഓട്, ചെമ്പ് തുടങ്ങിയവയാണ് ഇവർ സ്ഥിരമായി മോഷ്ടിച്ചിരുന്നത്. കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ബാബു, ഡി.സി.പി. സുജിത് ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ, പന്തീരങ്കാവ് സി.ഐ. ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള ടീം, ചേവായൂർ, മെഡിക്കൽ കോളേജ്, എലത്തൂർ പോലീസ് എന്നിവരുടെ കൂട്ടായ ശ്രമഫലമായാണ് പ്രതികൾ പിടിയിലായത്.
Content Highlights:man and woman arrested in kozhikode for theft in shops