ഹൈദരാബാദ്: യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിനെയും കാമുകിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ വ്യവസായിയായ മുപ്പതുകാരനും കാമുകി മോണിക്കയുമാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. വ്യവസായിയുടെ ഭാര്യ സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയ പരാതിയിലാണ് ഇരുവരെയും പിടികൂടിയത്. 

അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താനായിരുന്നു വ്യവസായിയുടെ പദ്ധതി. ഇതിനുവേണ്ടി ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങളാണ് മുപ്പതുകാരനും കാമുകിയും ചേര്‍ന്ന് വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. 

വനസ്ഥലിപുരത്ത് താമസിക്കുന്ന മുപ്പതുകാരന്‍ പ്രദേശത്തെ ഒരു പരിപാടിക്കിടെയാണ് മോണിക്കയെ പരിചയപ്പെടുന്നത്. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയില്‍ മാനേജറായ മോണിക്കയും യുവാവും തമ്മില്‍ പിന്നീട് പലതവണ പരസ്പരം കാണുകയും അടുപ്പം വളരുകയും ചെയ്തു. ഇതോടെ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഉപദ്രവിക്കുന്നതും തുടങ്ങി.

നിലവിലെ വിവാഹബന്ധം വേര്‍പ്പെടുത്തി കാമുകിയോടൊപ്പം ജീവിക്കാനായിരുന്നു ഇയാള്‍ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഭാര്യ ഇയാള്‍ക്കെതിരെ സ്ത്രീധനപീഡന പരാതി നല്‍കി. ഇതോടെ ഭാര്യയോടുള്ള ശത്രുത വര്‍ധിക്കുകയും അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച് നാണംകെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

യുവതി പരാതി നല്‍കിയതറിഞ്ഞ് ഹൈദരാബാദില്‍നിന്ന് കടന്നുകളഞ്ഞ പ്രതികളെ മാഥാപുരില്‍വെച്ച് പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.  

Content Highlights: man and lover arrested for upload obscene pictures of wife on whatsapp.