ലഖ്നൗ: നാല് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുട്ടിയുടെ ബന്ധുക്കൾ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബരേയ്ലിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്രേംപാൽ(26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ജൂലായിലാണ് പ്രേംപാൽ നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ പ്രേംപാലിനെ പിടികൂടി തല്ലിക്കൊന്നത്. വടികളും കല്ലുകളും ഉപയോഗിച്ചാണ് പ്രതിയെ ആക്രമിച്ചതെന്നും പോലീസ് എത്തുന്നതിന് മുമ്പേ യുവാവ് കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂലായ് 13-ാം തീയതിയാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ കാണാതായത്. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് കുട്ടിയെയും പ്രേംപാലിനെയും ഒരുമിച്ച് കണ്ടതായി വിവരം ലഭിച്ചത്. പ്രേംപാൽ പണത്തിന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയതാകുമെന്നാണ് കുടുംബം കരുതിയത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ഗ്രാമത്തിന് പുറത്തെ ഒരു മരത്തിൽ കുട്ടിയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Content Highlights:man accused of raping and hanging four year old bot beaten to death in uttar pradesh