മുംബൈ: 13 പീഡനക്കേസുകളിലെ പ്രതിയെ ഒടുവില്‍ പോലീസ് പിടികൂടി. മുംബൈയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന റെഹാന്‍ ഖുറേഷി(30)യെയാണ് നവിമുംബൈ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നവിമുംബൈ, താനെ, പാല്‍ഗര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത 13 പീഡനക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 

മിറ റോഡ് റെയില്‍വേ സ്‌റ്റേഷനിലെ വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പാല്‍ഗറില്‍ 13-ഉം 15-ഉം വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിക്ക് പിന്നാലെയാണ് പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയത്. 

ഇയാളുടെ പീഡനത്തിനിരയായവരില്‍ മിക്കവരും മുംബൈയിലെ ചേരികളില്‍ താമസിക്കുന്ന പെണ്‍കുട്ടികളായിരുന്നു. കുട്ടികളെ വശീകരിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചിരുന്നത്. ഇതുവരെ 13 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും, കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണെന്നും നവിമുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.