സൂറത്ത്: ഭാര്യയ്ക്കൊപ്പം സമയം ചെലവഴിക്കാൻ സ്വന്തം മകനെ ഉപേക്ഷിച്ച് യുവാവ്. സൂറത്തിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ സഹേബ് ചൗധരി(25)യാണ് അഞ്ച് വയസ്സുകാരനായ മകൻ പ്രിൻസിനെ ബസ് ഡിപ്പോയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പിന്നീട് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകി പോലീസുകാരെ കബളിപ്പിക്കാനും ഇയാൾ ശ്രമിച്ചു. ഒടുവിൽ പോലീസ് അന്വേഷണത്തിൽ മണിക്കൂറുകൾക്ക് ശേഷം നഗരത്തിലെ ഒരു ശിശു സംരക്ഷണകേന്ദ്രത്തിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ശനിയാഴ്ചയാണ് സൂറത്ത് ജി.ഐ.ഡി.സി. പോലീസിനെ കുഴക്കിയ സംഭവമുണ്ടായത്. വൈകിട്ട് മൂന്ന് മണിയോടെയാണ് മകനെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞ് സഹേബ് പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് സംഘം കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ, സഹേബിന്റെ അയൽക്കാരിൽനിന്ന് ചില വിവരങ്ങൾ ലഭിച്ചതോടെയാണ് സംഭവത്തിൽ ട്വിസ്റ്റുണ്ടായത്.

രാവിലെ സഹേബിനൊപ്പം കുട്ടിയെ കണ്ടെന്നും 12.30 മുതൽ ഇയാൾ കുട്ടിയെ തിരഞ്ഞ് നടക്കുകയാണെന്നും അയൽക്കാർ പോലീസിനോട് പറഞ്ഞിരുന്നു. മാത്രമല്ല, മകനെ കാണാതായി മണിക്കൂറുകൾ പിന്നിട്ടിട്ടും ടെക്സ്റ്റൈൽ മില്ലിൽ ജോലി ചെയ്യുന്ന ഭാര്യയെ വിവരമറിയിച്ചില്ലെന്നും പോലീസിന് മനസിലായി. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ മനഃപൂർവ്വം ഉപേക്ഷിച്ചതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്.

ആറ് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് സഹേബ് ചൗധരിയും ഭാര്യ സരോജും. സൂറത്തിലെ ടെക്സ്റ്റൈൽ മില്ലിലാണ് ഇരുവർക്കും ജോലി. എന്നാൽ മകൻ പിറന്നതോടെ ഭാര്യയ്ക്കൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി. ലോക്ക്ഡൗൺ കാലത്ത് പോലും ഭാര്യയുമായി കൂടുതൽ സമയം ഇടപഴകാൻ കഴിഞ്ഞില്ല. മകനായിരുന്നു ഇതിനെല്ലാം തടസംനിന്നതെന്നായിരുന്നു യുവാവിന്റെ വാദം. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ശനിയാഴ്ച രാവിലെ മകനുമായി പുറത്തുപോയ സഹേബ് ബസ് ഡിപ്പോയിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ശേഷം വൈകിട്ട് പോലീസ് സ്റ്റേഷനിലെത്തി വ്യാജ പരാതിയും നൽകി. പക്ഷേ, പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾക്ക് മുന്നിൽ യുവാവിന്റെ നാടകത്തിന് അധികം ആയുസുണ്ടായില്ല. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിൽനിന്ന് കണ്ടെത്താനും പോലീസിന് കഴിഞ്ഞു. അതേസമയം, കുട്ടിയെ ഉപേക്ഷിച്ചതിന് ഇയാൾക്കെതിരേ കേസെടുക്കുമെന്ന് അസി. പോലീസ് കമ്മീഷണർ ജെ.കെ. പാണ്ഡ്യ അറിയിച്ചു.

Content Highlights:man abandons child to spend time with wife in gujarat