കൊച്ചി: പുരുഷ എസ്‌കോര്‍ട്ട് സര്‍വീസിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ചുള്ള സന്ദേശങ്ങള്‍ ഫെയ്സ്ബുക്ക് വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഉയര്‍ന്ന പ്രൊഫൈല്‍ ഉള്ള സ്ത്രീകള്‍ക്കായുള്ള എസ്‌കോര്‍ട്ട് സര്‍വീസ് എന്ന വാഗ്ദാനവുമായാണ് സന്ദേശങ്ങള്‍. മൊബൈല്‍ നമ്പറും സന്ദേശത്തിലുണ്ടാകും.

എന്നാല്‍, ഇത്തരം സന്ദേശങ്ങള്‍ പണം തട്ടല്‍ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാണെന്നാണ് സൈബര്‍ സെല്‍ പറയുന്നത്. എസ്‌കോര്‍ട്ട് സര്‍വീസിലൂടെ വലിയ തുക വരുമാനമുണ്ടാക്കാം എന്നു പറഞ്ഞാണ് ഇവര്‍ സന്ദേശം പ്രചരിപ്പിക്കുന്നത്. ബന്ധപ്പെടുന്നവരോട് മുംബൈ കേന്ദ്രീകരിച്ച് മെയില്‍ എസ്‌കോര്‍ട്ട് സര്‍വീസ് നടത്തുന്നവരാണെന്നും ഇന്ത്യയില്‍ മുഴുവന്‍ തങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും അറിയിക്കും.

കേരളത്തില്‍ തങ്ങളുടെ സര്‍വീസിന്റെ ഭാഗമാകാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കും. ദിവസം പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നു കൂടി പറയുന്നതോടെ യുവാക്കള്‍ വീഴും. ശേഷം എസ്‌കോര്‍ട്ട് സര്‍വീസില്‍ ചേരുന്നതിനായി എന്നു പറഞ്ഞ് വിവരങ്ങള്‍ ആവശ്യപ്പെടും. ഇതു കഴിഞ്ഞ് രജിസ്ട്രേഷന്‍ ഫീസെന്നും മറ്റും പറഞ്ഞ് പണം ആവശ്യപ്പെടും. ഇത്തരത്തില്‍ പണം വാങ്ങിയാല്‍ പിന്നീട് വിളിച്ചാല്‍ ഇവര്‍ ഫോണ്‍ എടുക്കില്ല. 3000 രൂപ മുതല്‍ 5000 രൂപ വരെയാണ് ഇവര്‍ ഓരോരുത്തരില്‍ നിന്നും തട്ടിയെടുക്കുന്നത്.

എസ്‌കോര്‍ട്ട് സര്‍വീസിനോടൊപ്പം ചാറ്റിങ് സര്‍വീസിന്റെ പേരിലും മറ്റും ഇവര്‍ തട്ടിപ്പ് നടത്തുന്നുണ്ട്. ലൊക്കാന്റോ സൈറ്റിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ നേരത്തെ വന്നിരുന്നത്. എന്നാല്‍, ഇവ ഇന്ന് സന്ദേശങ്ങളായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു.

എസ്‌കോര്‍ട്ട് സര്‍വീസില്‍ ചേരാനായി സ്വകാര്യ ചിത്രങ്ങളും മറ്റും അയച്ചു നല്‍കിയാല്‍ ഇത് പിന്നീട് കുരുക്കാകും. ഇത്തരം ദൃശ്യങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

കബളിപ്പിക്കപ്പെട്ടാലും നാണക്കേട് ഭയന്ന് ഭൂരിഭാഗം പേരും വിവരം പുറത്തുപറയാറില്ല. ഇത് തട്ടിപ്പുകാര്‍ക്ക് അനുഗ്രഹമാകുകയും ചെയ്യുന്നു.

Content Highlights: male escort service fraud kochi police given warning