അഹമ്മദാബാദ്: മെയിൽ എസ്കോർട്ടിലൂടെ പതിനായിരങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ വീണ്ടും സജീവം. അഹമ്മദാബാദിൽ രണ്ട് യുവാക്കൾക്കാണ് കഴിഞ്ഞ ദിവസം ഇത്തരം തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടത്. അഹമ്മദാബാദ് സ്വദേശികളായ സുരേഷ്(24), രാഹുൽ(25) (യഥാർഥ പേരുകളല്ല) എന്നിവരാണ് തട്ടിപ്പിനിരയായത്. സുരേഷിന് 16,500 രൂപയും രാഹുലിന് 42,500 രൂപയും നഷ്ടപ്പെട്ടെന്നാണ് പരാതി.

മാസം 25,000 രൂപ വരുമാനം നേടാമെന്ന പത്രപരസ്യം കണ്ടാണ് അഹമ്മദാബാദ് സൗത്ത് സ്വദേശി സുരേഷ് തട്ടിപ്പ് സംഘത്തെ ബന്ധപ്പെട്ടത്. തുടർന്ന് കാവ്യ മോദി എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയാണ് ഫോണിൽ സംസാരിച്ചത്. ഉയർന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് മെയിൽ എസ്കോർട്ടുകളെ ആവശ്യമുണ്ടെന്നും ഇതാണ് ജോലിയെന്നും ഇവർ യുവാവിനോട് പറഞ്ഞു.

താത്‌പര്യമുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ തങ്ങൾക്ക് പണം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവാവ് ആദ്യം ആയിരം രൂപ യു.പി.ഐ. ഇടപാടിലൂടെ നൽകി. പിന്നീട് 'കാമസൂത്ര ഗോൾഡ് പാക്കേജ്' എന്ന സ്കീം ഉണ്ടെന്നും ഇതിനായി 15,500 രൂപ നൽകണമെന്നും സ്ത്രീ ആവശ്യപ്പെട്ടു. ഇതും അയച്ചുനൽകിയതോടെ പിറ്റേദിവസം ഭോപാൽ പാലത്തിന് സമീപം എത്തണമെന്നും ഇവിടെനിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നും അറിയിച്ചു.

എന്നാൽ ഏകദേശം ഒരുമണിക്കൂറോളം യുവാവ് ഭോപാൽ പാലത്തിന് സമീപം കാത്തിരുന്നെങ്കിലും കാവ്യ മോദി എന്ന സ്ത്രീ വന്നില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് യുവാവിന് ബോധ്യപ്പെട്ടത്.

25-കാരനും നഗരത്തിലെ വാഹനഷോറൂമിലെ ജീവനക്കാരനുമായ രാഹുലും സമാനരീതിയിലാണ് തട്ടിപ്പിനിരയായത്. രാഹുലിൽനിന്ന് 42,500 രൂപയാണ് തട്ടിപ്പുകാർ സ്വന്തമാക്കിയത്. കാവ്യ മോദി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ അഹമ്മദാബാദിലെ സാറ്റലൈറ്റ് പരിസരത്ത് എത്താനാണ് യുവാവിനോട് ആവശ്യപ്പെട്ടത്. എന്നാൽ യുവാവ് ഇവിടെയെത്തി ഏറെനേരം കാത്തിരുന്നെങ്കിലും ആരും വന്നില്ല. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവാക്കളുടെ പരാതിയിൽ സൈബർക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:male escort job fraud case