ബെംഗളൂരു: കേരളത്തില്‍നിന്നുള്ള ബസില്‍ രാവിലെ ബെംഗളൂരുവിലെത്തിയ മലയാളി യുവാവിനെ ആക്രമിച്ചശേഷം പണം കവര്‍ന്നു. തൃശ്ശൂര്‍ സ്വദേശി ഫയാസ് മുഹമ്മദിനെ (23) യാണ് രണ്ടുപേര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം പണം കവര്‍ന്നത്. മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഫയാസ് ബെംഗളൂരുവിലെ സുഹൃത്തിനെ കണ്ട ശേഷം മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാവിലെ ആറു മണിയോടെ ലാല്‍ബാഗ് വെസ്റ്റ് ഗേറ്റിന് സമീപം ബസില്‍നിന്നിറങ്ങിയശേഷം കാബ് ബുക്ക് ചെയ്യുന്നതിനിടെ രണ്ടുപേര്‍ സ്‌കൂട്ടറിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു.

അക്രമികളുടെ കൈയില്‍നിന്ന് ഫോണ്‍ തിരികെ മേടിച്ചെങ്കിലും ഒരാള്‍ കത്തിയെടുത്ത് ഫയാസിന്റെ വയറ്റിലും കൈകളിലും കുത്തി. തുടര്‍ന്ന് ഫോണും കൈയിലുണ്ടായിരുന്ന ആയിരം രൂപയും തട്ടിയെടുത്തു. ഇതിനിടെ മറ്റു യാത്രക്കാര്‍ ഫയാസിനെ രക്ഷിക്കാന്‍ വരുന്നതുകണ്ട് അക്രമികള്‍ രക്ഷപ്പെടുന്നതിനിടെ കൈയില്‍നിന്ന് ഫോണ്‍ താഴെവീണു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫയാസിന്റെ ആരോഗ്യനില തൃപ്തികരമാണ്.