ചെന്നൈ: ബൈക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച മലയാളിയുവാവിനെ അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശി മുഹമ്മദ് നിഹാലി (29) നെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചൂളൈമേട് സ്വദേശി യു. വിക്ടറിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ബൈക്ക് വില്ക്കാനുണ്ടെന്ന് അറിയിച്ച് വിക്ടര്‍ ഒ.എല്‍.എക്‌സ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു.

ബൈക്ക് വാങ്ങാന്‍ താത്പര്യമുണ്ടെന്നറിയിച്ച് മുഹമ്മദ് നിഹാല്‍ തലശ്ശേരിയില്‍നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും നന്നായി സംസാരിക്കുന്ന മുഹമ്മദ് നിഹാല്‍ അമിഞ്ചിക്കരയിലെത്തി വിക്ടറുമായി സംസാരിച്ചു.

ഓടിച്ച് പരിശോധിക്കട്ടെയെന്ന് അറിയിച്ച് വിക്ടറില്‍നിന്ന് ബൈക്ക് വാങ്ങി. ബൈക്കോടിച്ച് അതുവഴി മുഹമ്മദ് നിഹാല്‍ മുങ്ങി. വിക്ടര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ തിരച്ചിലില്‍ മുഹമ്മദിനെ അമിഞ്ചിക്കരയിലെ ലോഡ്ജില്‍ കണ്ടെത്തി. ബൈക്ക് ലോഡ്ജിനുതാഴെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ നീക്കം ചെയ്തിരുന്നു. ബൈക്ക് ചെന്നൈയില്‍ വില്‍പ്പന നടത്തി രക്ഷപ്പെടാനായിരുന്നു മുഹമ്മദ് നിഹാല്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മുഹമ്മദ് നിഹാലിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മധുരാന്തകം സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ.നമ്പര്‍ വഴിയാണ് പോലീസ് നിഹാലിനെ പിടികൂടിയത്.

വെബ്സൈറ്റുകളില്‍ പരസ്യംകണ്ടാല്‍ അവ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുക നിഹാലിന്റെ സ്ഥിരം പതിവാണെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി പോലീസ് സ്റ്റേഷനില്‍ നിഹാലിന്റെ കേസുണ്ടെന്നും പോലീസ് അറിയിച്ചു.