മംഗളൂരു: ലഹരി നിശാപാര്‍ട്ടിയില്‍ പോലീസ് പിടികൂടിയ മംഗളൂരുവിലെ മലയാളിയായ പോലീസ് ഉദ്യോഗസ്ഥയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

മംഗളൂരു ഇക്കണോമിക് ഒഫന്‍സസ് ആന്‍ഡ് നാര്‍കോട്ടിക് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീലതയെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍. ശശികുമാര്‍ സസ്പെന്‍ഡ് ചെയ്തത്. അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

10 ദിവസം മുമ്പ് ഹാസന്‍ ആലൂര്‍ താലൂക്കിലെ കെഞ്ചമ്മന ഹൊസെകൊട്ടയില്‍ ഹൊങ്കരവല്ലി എസ്റ്റേറ്റില്‍ എം.ഡി.എം.എ.യും കഞ്ചാവും ഉള്‍പ്പെടെ വിതരണം ചെയ്ത പാര്‍ട്ടിയില്‍ ശ്രീലതയും മകനും പങ്കെടുത്തിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന് ഹാസന്‍ ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് ഗൗഡയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി ഇതില്‍ പങ്കെടുത്തവരെ പിടികൂടി.

വനിതാ പോലീസ് ഉദ്യോഗസ്ഥയും മകനും പിടിയിലായവരുടെ കൂട്ടത്തിലുണ്ടായിരുന്നു. മകന്‍ പാര്‍ട്ടിയുടെ സംഘാടകരില്‍ ഒരാളാണെന്നും പോലീസ് പറഞ്ഞു. യുവാക്കളും യുവതികളുമടക്കം 134 പേരാണ് പിടിയിലായത്.

ഇതില്‍ 131 പേര്‍ക്കും പോലീസ് സ്റ്റേഷനില്‍ ജാമ്യം അനുവദിച്ചു. മദ്യം, എല്‍.എസ്.ഡി., എം.ഡി.എം.എ., കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളും ഇവിടെനിന്ന് പിടിച്ചെടുത്തു.

ഉള്‍നാടന്‍ ഗ്രാമപ്രദേശത്താണ് പാര്‍ട്ടി സംഘടിപ്പിച്ചത്. വാട്സാപ്പ് വഴി ലൊക്കേഷന്‍ അയച്ചുകൊടുത്താണ് ബെംഗളൂരു, മുംബൈ, മംഗളൂരു, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആളുകളെ എത്തിച്ചത്. റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ തട്ടിക്കയറിയതായും സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.