മംഗളൂരു: മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ മര്‍ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ എട്ട് മലയാളി വിദ്യാര്‍ഥികളടക്കം ഒന്‍പതുപേര്‍ അറസ്റ്റില്‍. മംഗളൂരുവിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളായ ഗുരുവായൂര്‍ കാരക്കാട് വീട്ടില്‍ പ്രവീഷ് (21), ഇടുക്കി തങ്കമണി കുഴിക്കലായില്‍ നന്ദു ശ്രീകുമാര്‍ (19), തങ്കമണി പീടികയില്‍ അലന്‍ ഷൈജു (19), തൃശ്ശൂര്‍ കണ്ടനശ്ശേരി നമ്പഴിക്കാട് ഗോപീകൃഷ്ണ (21), ചാവക്കാട് പാലക്കല്‍ പി.ആര്‍. വിഷ്ണു (22), അഭി അലക്സ് (19), ജാസില്‍ മുഹമ്മദ് (19), തൃശ്ശൂര്‍ ചാവക്കാട് പുതുവീട്ടില്‍ പി.എന്‍. ഹസ്സന്‍ (21), സി.കെ.പി. ശിഹാഷ് എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍ ഏഴുപേര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി മംഗളൂരു പോലീസ് പറഞ്ഞു. മംഗളൂരു ഇന്ദിര കോളേജ് അലൈഡ് ഹെല്‍ത്ത് വിഭാഗത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കണ്ണൂര്‍ പാപ്പിനിശേരി വേളാപുരം പാന്നേരി വീട്ടില്‍ അമല്‍ ഗിരീഷ് (21), സുഹൃത്ത് കാര്‍ത്തിക് എന്നിവര്‍ക്കാണ് വെള്ളിയാഴ്ച രാത്രി മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവര്‍ തങ്ങളുടെ കോളേജില്‍ പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ഥികളടക്കമുള്ളവരെ കണ്ടപ്പോള്‍ അഭിവാദ്യം ചെയ്തു.

ഇത് ഇഷ്ടപ്പെടാത്ത മുതിര്‍ന്ന വിദ്യാര്‍ഥികളില്‍ ചിലര്‍ രണ്ടുപേരെയും അത്താവറിലെ റൊയാലെ അപ്പാര്‍ട്ട്‌മെന്റിലേക്കു കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ഇരുവരെയും മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പാട്ടുപാടിക്കുകയും താടിവടിപ്പിക്കുകയും അക്കൗണ്ടിലുണ്ടായിരുന്ന പണം പ്രതികളില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്തു.

ഇവിടെനിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികള്‍ വെന്‍ലോക് ആസ്പപത്രിയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അന്വേഷണം നടത്തിയ പാണ്ഡേശ്വരം പോലീസ് ഷിഹാസിനെ മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്നും മറ്റുള്ളവരെ താമസസ്ഥലത്തുനിന്നുമാണ് അറസ്റ്റു ചെയ്തത്.

അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇതില്‍ ഏഴുപേര്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഒന്‍പതുപേരെയും റിമാന്‍ഡ് ചെയ്തു.