തൃപ്രയാര്‍: ഈറോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മകള്‍ മരിച്ചതിലെ വസ്തുത പുറത്തു കൊണ്ടുവരാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. വലപ്പാട് എട്ടാം വാര്‍ഡില്‍ തറയില്‍ കാര്‍ത്തികേയനാണ് മകള്‍ ശ്രുതിയുടെ (22) മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്. 

ബെംഗളൂരു സീ കോളേജിലെ ഒന്നാംവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി. ഓഗസ്റ്റ് 20-ന് നാട്ടിലെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, 17-ന് ഈറോഡ് സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്ന് ജനറല്‍ ആശുപത്രിയില്‍ ശ്രുതിയെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ് വീട്ടുകാരെ വിളിച്ചു.

ശ്രുതിയുടെ അമ്മയും സമീപവാസികളും അവിടെയെത്തിയപ്പോഴാണ് മരിച്ചത് അറിയുന്നത്. ശ്രുതിയുടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് ഇവരോട് പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന കാര്‍ത്തികേയന്‍ മകള്‍ മരിച്ചതറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്.