പൊൻകുന്നം: ഇംഗ്ലണ്ടിലെ റെഡിച്ചിൽ നഴ്സായ ചിറക്കടവ് സ്വദേശിനി മരിച്ചു. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകൾ ഷീന കൃഷ്ണ(43)നാണ് മരിച്ചത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കേന്ദ്രമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് പരാതി നൽകി.

18 വർഷമായി ഇംഗ്ലണ്ടിൽ നഴ്സാണ്. പാലാ അമനകര സ്വദേശി ബൈജുവാണ് ഭർത്താവ്. ആയുഷ്, ധനുഷ് എന്നിവർ മക്കളാണ്. സകുടുംബം ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു. ഷൈജു (എറണാകുളം), ഷീബ എന്നിവർ സഹോദരങ്ങളാണ്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഭർത്താവിന്റെ സുഹൃത്തുക്കൾ ചിറക്കടവിൽ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിച്ചു. പനിയായിരുന്നുവെന്നും തുടർന്ന് ഹൃദയാഘാതമുണ്ടായി മരിച്ചുവെന്നുമാണ് അറിയിച്ചത്. എന്നാൽ, ബന്ധുക്കൾ പരിചയത്തിലുള്ള മറ്റുള്ളവരെ വിളിച്ചപ്പോൾ ആത്മഹത്യയാണെന്നും വിവരം ലഭിച്ചു. അതിനാൽ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ചിറക്കടവ് ഗ്രാമപ്പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, ബി.ജെ.പി.ഭാരവാഹികളായ എ.എസ്.റെജികുമാർ, ഗോപുകൃഷ്ണൻ എന്നിവർ ചേർന്ന് അൽഫോൻസ് കണ്ണന്താനം എം.പി.യുമായി ബന്ധപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് ഇതുസംബന്ധിച്ച് നിവേദനം നൽകി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് അഭ്യർഥിച്ചു.