കോഴിക്കോട്: ഗോവയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗോവ പോലീസ്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സംഭവം ആത്മഹത്യ തന്നെയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

റിസോര്‍ട്ടിലെ മരത്തില്‍ തൂങ്ങിമരിച്ചനിലയാണ് യുവതിയെ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കരുതുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനില്ലെന്നും ഗോവയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകള്‍ അഞ്ജന കെ.ഹരീഷിനെ(21)യാണ് കഴിഞ്ഞ വ്യാഴാഴ്ച ഗോവയിലെ റിസോര്‍ട്ടിന് സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. നാലുമാസം മുന്‍പ് മകളെ കാണാനില്ലെന്നുപറഞ്ഞ് അമ്മ മിനി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിനല്‍കിയിരുന്നു. കോഴിക്കോട്ടുനിന്ന് പോലീസ് പിടികൂടി കൊണ്ടുവന്ന് വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമൊക്കെ ലഹരിവിമോചനചികിത്സ തേടി. ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അഞ്ജന തിരികെ വീട്ടിലെത്തുകയും ചെയ്തു.

ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്നുപറഞ്ഞ് അഞ്ജന പോയി. എന്നാല്‍ തിരിച്ചുവന്നില്ല. ഇതേത്തുടര്‍ന്ന് അമ്മ പരാതിയുമായി വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. നീലേശ്വരം പോലീസ് സ്റ്റേഷനിലായിരുന്നു പരാതിനല്‍കിയത്.

കോഴിക്കോട്ട് ഒരു സന്നദ്ധസംഘടനയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്ത് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് അമ്മയോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നറിയിച്ചു.

തുടര്‍ന്ന് കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീട് താമസിച്ചത്. മാര്‍ച്ച് 17-ന് സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവര്‍ക്കൊപ്പമാണ് അഞ്ജന ഗോവയിലേക്കു പോയത്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: malayali girl anjana hareesh death in goa