മലപ്പുറം: താനൂരില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സാമൂഹികവിരുദ്ധര്‍ കത്തിച്ചു. താനൂര്‍ ത്വാഹാബീച്ച് സ്വദേശി ഹാരിസിന്റെ ഓട്ടോറിക്ഷയാണ് തിങ്കളാഴ്ച പുലര്‍ച്ചെ അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്. 

ത്വാഹാബീച്ചില്‍ റോഡരികിലായിട്ടാണ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നത്. പ്രദേശത്തെ സാമൂഹികവിരുദ്ധരും ലഹരിമാഫിയക്കാരുമാകാം സംഭവത്തിന് പിന്നിലെന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി താനൂര്‍ പോലീസ് പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുമ്പ് താനൂരില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകനായ ജാബിറിനെ ഒരു സംഘം ആളുകള്‍ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്ക് പോലീസിനെ സഹായിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജാബിറിന് നേരേ ആക്രമണമുണ്ടായത്. 

Content Highlights: malappuram trauma care volunteer's auto set on fire in tanur