മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 32 പോക്‌സോ കേസ്. രണ്ടുതവണ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ബ്ല്യു.സി.) ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് വിവിധ കാലഘട്ടങ്ങളിലായി പീഡനത്തിനിരയായത്.
സംഭവത്തില്‍ 44 പ്രതികളുള്ളതില്‍ 20 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി. പി.പി. ഷംസ് മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ നടപടിക്രമങ്ങളെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തക ഡോ. പി. ഗീതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പോലീസ് സംഭവം വിശദീകരിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയ ഹോമിലാണ്. പീഡനത്തെ തുടര്‍ന്ന് 2016 -ലാണ് ആദ്യമായി നിര്‍ഭയിലെത്തുന്നത്. ആറുമാസത്തിനുശേഷം കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സമാന സംഭവമുണ്ടായപ്പോള്‍ 2017-ല്‍ കുട്ടി വീണ്ടും നിര്‍ഭയ ഹോമിലെത്തി. അന്ന് സഹോദരനും അവരുടെ ഭാര്യയ്ക്കുമൊപ്പം കുട്ടിയെ പറഞ്ഞയച്ചു.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്ന് കുട്ടികളെ വിട്ടുനല്‍കിയതെന്നാണ് സി.ഡബ്ല്യു.സി. അധികൃതര്‍ പറയുന്നത്.
എന്നാല്‍, കഴിഞ്ഞ നവംബറില്‍ കുട്ടിയെ കാണാനില്ലെന്ന് പരാതിവന്നപ്പോള്‍ കണ്ടെത്തി നടത്തിയ കൗണ്‍സിലിങ്ങിലാണ് 2017 മുതല്‍ 29 പേര്‍ തന്നെ ഉപദ്രവിച്ചതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. പാണ്ടിക്കാട്, കരുവാരക്കുണ്ട്, വണ്ടൂര്‍ പോലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ചെയ്തത്.
പുനരധിവാസ സാധ്യതകള്‍വിശദമായി അന്വേഷിക്കണം
കുട്ടിയും ബന്ധുക്കളും ആവശ്യപ്പെട്ടാലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ പ്രാഥമികമായ അന്വേഷണമെങ്കിലും അധികാരികള്‍ നടത്തണം. പ്രശ്നങ്ങളുടെ ഓരോമേഖലയും അന്വേഷിക്കാനും പഠിക്കാനും വിലയിരുത്താനും പരിഹാരം നിര്‍ദേശിക്കാനുമുള്ള വിദഗ്ദസമിതി ഇക്കാര്യങ്ങള്‍ അന്വേഷിക്കണം
-പി. ഗീത
(സാമൂഹിക പ്രവര്‍ത്തക).
അവധിക്ക് വീട്ടില്‍പോകാന്‍ മാത്രമാണ് ശുപാര്‍ശ ചെയ്തത്
കുട്ടിയുടെ അമ്മ അപേക്ഷ തന്നപ്പോഴൊക്കെ വിട്ടുകൊടുക്കാന്‍ പറ്റില്ല എന്നു ശുപാര്‍ശ ചെയ്തിരുന്നു. പിന്നെ സഹോദരനാണ് 10 ദിവസത്തെ ലീവിന് അപേക്ഷ നല്‍കിയത്. പ്രത്യേക സാഹചര്യമായതിനാല്‍ അഞ്ചുദിവസത്തെ ലീവിന് വീട്ടില്‍ പോകാന്‍ മാത്രമാണ് ശുപാര്‍ശചെയ്തത്. സ്ഥിരമായി വിട്ടുകൊടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല.
-കെ. ഗീതാഞ്ജലി
( ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍)
Content Highlights: malappuram pocso case