പെരിന്തൽമണ്ണ : എരിഞ്ഞടങ്ങിയത് ഈ മനുഷ്യന്റെ ജീവിതമാണ്. രാവിലെ കത്തിമുനയിലൊടുങ്ങിയത്‌ ജീവന്റെ ജീവനും. 18 വർഷം നടത്തിയ കളിപ്പാട്ടക്കട കത്തിയമർന്ന്‌ രാത്രി പുലർന്നതോടെ 21 വർഷം സ്നേഹവാത്സല്യങ്ങൾ നൽകി വളർത്തിയ മകളും മറഞ്ഞു. രണ്ടു ദുരന്തങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അനുഭവിക്കേണ്ടിവന്ന ഒരച്ഛനായി ബാലചന്ദ്രൻ മാറി.

കരയാതിരിക്കുമ്പോളും ഉള്ളിലിരമ്പുന്ന സങ്കടക്കടൽ ആ മുഖത്തു വ്യക്തം. ചായയെങ്കിലും കുടിക്കാൻ പ്രിയപ്പെട്ടവർ നിർബന്ധിക്കുമ്പോഴും ഒഴിഞ്ഞുമാറി. മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും സംഭവങ്ങൾ വിവരിക്കുന്നു. ആശ്വാസവാക്കുകൾ കേൾക്കുന്നു.

സ്വപ്രയത്നത്താൽ വളർത്തിയെടുത്തതായിരുന്നു പെരിന്തൽമണ്ണ-ഊട്ടിറോഡിലെ കളിപ്പാട്ട മൊത്തവ്യാപാര സ്ഥാപനം. നാടായ എളാട്ടും പെരിന്തൽമണ്ണയിലും ആളുകൾക്ക് പ്രിയപ്പെട്ടവനായിരുന്നു. സഹായങ്ങൾ ചോദിച്ചെത്തുന്നവരെ വെറുംകൈയോടെ വിടാറില്ലെന്ന് ബാലചന്ദ്രന്റെ അമ്മതന്നെ പറയുന്നു. രാവിലെ കടയിലേക്കുപോന്നാൽ രാത്രിയോടെയേ തിരിച്ചെത്തൂ. ജീവന്റെ ജീവനും ജീവിതവും നഷ്ടമായൊരു പിതാവിനെ ആശ്വസിപ്പിക്കാൻ നാട്ടുകാർക്കും വാക്കുകളില്ലാതെപോകുന്നു.

Content Highlight: malappuram perinthalmanna drishya murder case