മലപ്പുറം: വാഹനപരിശോധനയില്‍ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റത് പ്രതികള്‍ക്കുതന്നെ. ഹാന്‍സ് കടത്തുന്നതിനിടെ നേരത്തേ പിടിയിലായ വളാഞ്ചേരി വൈക്കത്തൂര്‍ കരപ്പറമ്പ് അബ്ദുള്‍നാസര്‍ (43), കട്ടിപ്പാല കരപ്പറമ്പ് അഷ്റഫ് (28) എന്നിവര്‍ക്കാണ് ഇടനിലക്കാരന്‍വഴി വിറ്റത്.

നാസറിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തു. അഷ്റഫിനെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. എം.പി മോഹനചന്ദ്രന്‍ പറഞ്ഞു.

ഹാന്‍സ് തിരിച്ചുകിട്ടാനായി ഇവര്‍ 1,20,000 രൂപയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത്. ഏപ്രില്‍ 21-നാണ് വാനില്‍ 32 ചാക്ക് ഹാന്‍സ് കൊണ്ടുപോകുന്നതിനിടെ ഇരുവരും പിടിയിലായത്. ഇവരുടെ വാഹനം വിട്ടുകൊടുക്കാനും പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, ഇതില്‍ ഒരുപങ്ക് കോട്ടയ്ക്കല്‍ പോലീസ്സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രജീന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജി അലക്‌സാണ്ടര്‍ എന്നിവര്‍ മറിച്ചുവില്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു.