മഞ്ചേരി: കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയെയും ഏഴുവയസ്സുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ടജീവപര്യന്തവും 15 വര്‍ഷം അധിക തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെയാണ് (42) മഞ്ചേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്.
 
പൂര്‍ണഗര്‍ഭിണിയായ ഉമ്മുസല്‍മയെയും മകന്‍ ദില്‍ഷാദിനെയും കൊന്നതിന് ഇരട്ടജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിന് പത്തു വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. പുറമെ ഉമ്മുസല്‍മയും കുട്ടിയും താമസിച്ച വീട്ടിലേക്ക് അതിക്രമിച്ചുകയറിയതിന് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും ഉണ്ട്. ഗര്‍ഭസ്ഥശിശുവിനെ കൊലപ്പെടുത്തിയതിനുള്ള പത്തു വര്‍ഷത്തെ തടവുശിക്ഷ ആദ്യം അനുഭവിക്കണം.
 
കേസില്‍ ഷരീഫ് കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരേ ചുമത്തിയ കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകളെല്ലാം തെളിഞ്ഞു.
 
2017-ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ തമ്മില്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയായതോടെ ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധംപിടിച്ചു. 
 
ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഉമ്മുസല്‍മയെയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാതശിശു മരിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ വളാഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യതെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിര്‍ണായകമായത്.
 
 
പ്രതി പാലക്കാട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
 
പാലക്കാട്: ?പാലക്കാട് ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന പ്രതി മുഹമ്മദ് ഷെരീഫ് വിധിദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലമ്പുഴയിലെ ജയിലില്‍ ബുധനാഴ്ച രാവിലെ കൈത്തണ്ടമുറിച്ചാണ് ആത്മഹത്യാശ്രമം ഉണ്ടായത്. അടിയന്തര ചികിത്സയ്ക്കുശേഷം പ്രതിയെ മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
 
ഇയാള്‍ ആറുമാസമായി മലമ്പുഴ ജില്ലാജയിലില്‍ തടവിലായിരുന്നു. മഞ്ചേരി കോടതിയില്‍ ബുധനാഴ്ച കേസിലെ വിധിപറയുന്ന ദിവസമായിരുന്നു. കോടതിയില്‍ പോവാന്‍ തയ്യാറാകുന്നതിനിടെയാണ് ലോക്കപ്പില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഉടന്‍തന്നെ ജയില്‍ അധികൃതര്‍ ഷെരീഫിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഞരമ്പ് മുറിയാതിരുന്നതിനാല്‍ കാര്യമായ രക്തസ്രാവം ഉണ്ടായിരുന്നില്ല. മുറിവ് വെച്ചുകെട്ടി ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യവിദഗ്ധനെയും കാണിച്ചതിനുശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.
 
രാവിലെ ജയിലിലെ അടുക്കളയിലെ ജോലിക്കിടെയായിരിക്കും കൈമുറിക്കുന്നതിനായി കത്തി എടുത്തതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇതിനുമുമ്പും ഇയാള്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്.