മലപ്പുറം: എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ നല്‍കിയ തുക തിരിമറിനടത്തിയ സംഭവത്തില്‍ പോലീസ് പ്രത്യേകാന്വേഷണം നടത്തും. കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താനാണ് അന്വേഷണം. നിലവില്‍ ലഭിച്ച കണക്കുപ്രകാരം 1,59,82,000 രൂപയാണ് നഷ്ടപ്പെട്ടത്. 2021 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസക്കാലയളവിലെ കണക്കുപ്രകാരമാണിത്.

സംഭവത്തില്‍ മുസ്ലിം ലീഗിന്റെ ഗ്രാമപ്പഞ്ചായത്തംഗമുള്‍പ്പെടെ നാലുപേരെയാണ് മലപ്പുറം പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഇവരെ മലപ്പുറം കോടതി റിമാന്‍ഡ്‌ചെയ്തു.

ഊരകം ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് അംഗം എന്‍.ടി. ഷിബു (31), കോഡൂര്‍ ചട്ടിപ്പറമ്പ് സ്വദേശി എം.പി. ശശിധരന്‍ (32), മഞ്ചേരി മുള്ളമ്പാറ സ്വദേശി എം.ടി. മഹിത്ത് (33), കാവനൂര്‍ ഇരിവേറ്റി കൃഷ്ണരാജ് (28) എന്നിവരാണ് പിടിയിലായത്.

ഇവര്‍ ജോലിയില്‍ പ്രവേശിച്ചതുമുതലുള്ള സമയങ്ങളില്‍ തുക നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതാകും പോലീസ് പരിശോധിക്കുക. പിടിലായവര്‍ അഞ്ചും ആറും വര്‍ഷം പൂര്‍ത്തിയാക്കിയവരാണ്.

ജോലി ആരംഭിച്ച കാലംമുതല്‍ ഇത്തരം തിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ വലിയ തുകയായിരിക്കും നഷ്ടപ്പെട്ടിരിക്കുക. ഇവയെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം.